വിശുദ്ധരുടെയും മാലാഖമാരുടെയും മറ്റും രൂപങ്ങള്‍ ചിത്രീകരിച്ച ഫ്ളക്സുകൊണ്ടാണ് മുഖമണ്ഡപത്തിന്‍റെ മുകള്‍ഭാഗം അലങ്കരിച്ചിട്ടുള്ളത്. തിരുകുടുംബം, ഔസേപ്പിതാവ്, പരിശുദ്ധ കന്യകാമറിയം, യേശുവിന്‍റെ ഉയിര്‍പ്പ്, മദര്‍തെരസ, തോമസ് ശ്ലീഹാ, വിശുദ്ധ അന്തോണീസ്, നല്ല ഇടയന്‍ തുടങ്ങി വ്യത്യസ്തങ്ങളായ നിരവധി ചിത്രങ്ങള്‍ ഫ്ളക്സില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 48 അടി നീളവും 20 അടി വീതിയുമുള്ളതാണ് ദേവാലയ മുഖമണ്ഡപം. വെള്ളിവര്‍ണ തോരണങ്ങള്‍കൊണ്ടാണ് പ്രദക്ഷിണവീഥിക്ക് മേലാപ്പു ചാര്‍ത്തുക. പിങ്ക് വര്‍ണത്തിലുള്ള അരങ്ങുകള്‍ ബോര്‍ഡര്‍ തീര്‍ക്കും. ഒരു ക്വിന്‍റല്‍ വര്‍ണകടലാസാണ് തോരണങ്ങള്‍ക്കായി വാങ്ങിയിട്ടുള്ളത്. 36 വലിയ തൂണുകളിലും 20 ചെറിയ തൂണുകളിലുമായാണ് വിശാലമായ പ്രദക്ഷിണ വീഥി മുഴുവന്‍ വര്‍ണ തോരണങ്ങള്‍കൊണ്ട് അലങ്കരിക്കുന്നത്. ഒരു ലക്ഷത്തിലേറെ രൂപ ചെലവുവരുന്ന അലങ്കാര പണികള്‍ക്ക് നേതൃത്വം നല്‍കുന്നത് സിജോ മുട്ടത്തും ഇ.ജെ.ടി. ദാസും അടങ്ങുന്ന ഡെക്കറേഷന്‍ കമ്മിറ്റിയാണ്.
തിരുനാള്‍ ദിവസമായ ഞായറാഴ്ച നടക്കുന്ന തിരുനാള്‍ പ്രദക്ഷിണം വെള്ളിവര്‍ണതോരണങ്ങള്‍ മേലാപ്പുചാര്‍ത്തിയ പ്രദക്ഷിണവീഥിയിലൂടെയാണ് കടന്നുപോവുക.